Monday, 25 May 2015

യക്ഷിപ്പാല -മണികഥ (12)

ഒരിടവപ്പാതിയില്‍ പൂത്തൊഴിഞ്ഞ മനസ്സുമായി വഴിയോരത്തു നില്‍ക്കുമ്പോള്‍ ചില്ലപൊട്ടി മരിച്ചത് രണ്ടുടലുകള്‍. യക്ഷിപാലയിലെ
അവസാനത്തെ മരണം. ഹൃദയം മടുപ്പിക്കും എന്നിലെ സുഗന്ധം
ഗന്ധര്‍വന്‍റേതാണുപോലും. കൂട്ടിനായി മുടിയഴിച്ചാടുന്ന യക്ഷിക്കൂട്ടങ്ങളും. എന്‍റെ രോദനം ആരറിയുന്നു. ചുറ്റിനും തോള്‍ചേര്‍ന്നുറങ്ങിയവരെ വെട്ടിമാറ്റി, അവര്‍ചന്ദനഗന്ധികളും കരിവീട്ടിയും. ഒറ്റയാനായ എന്നിലേക്ക് ആണിയടിച്ച്
പിശാചിനെ തളച്ചുപോല്‍.

തമ്പ്രാക്കള്‍ അടിയാളരുടെ പുടവയഴിച്ചതും കൊന്നുതള്ളീതും എന്‍റെ മടിയില്‍വച്ച്. അതെല്ലാം എന്നിലാവാഹിച്ച യക്ഷിയിലേക്ക് വീണ്ടുമാവാഹിക്കപ്പെട്ടപ്പോള്‍ ഞാനൊരെക്ഷിപ്പാലയായി. എന്‍റെ നെഞ്ച് ബാധയൊഴിച്ച ആണികളില്‍ കറയുതിര്‍ത്തപ്പോള്‍ ഇടത്താവളങ്ങളിലെ സുരക്ഷിതത്ത്വം കണ്ട് കുറേയേറെപ്പേര്‍ മനസ്സില്‍ ചിരിക്കുകയായിരുന്നു.

ഇനിയൊരു കൊലക്കും എന്‍റെ സാക്ഷ്യമില്ല. പുതിയ വഴിത്താരയ്ക്ക് ചുവടൊരുക്കാന്‍ ഇന്നെന്‍റെ ശിരസരിയുന്നു.

തീപ്പെട്ടിക്കൂടിനകത്ത് ഇനി ഒന്നൊളിക്കണം, വിശ്രമിക്കണം. യക്ഷിയെപാര്‍പ്പിച്ച ദേഹമൊടുവിലീ തീപ്പെട്ടിക്കൂടിലൊളിച്ചിരിപ്പൂയെന്ന് കാറ്റെന്നെ പരിഹസിക്കുമായിരിക്കും. അവനറിയുന്നോ ഒരുതിരിനാളമായി സ്നേഹത്തിനോ യുദ്ധത്തിനോ സാക്ഷിയായി ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെന്ന്.

Saturday, 23 May 2015

വിട - മണികഥ (11)

എന്‍റെ ചിന്ത അതു നിന്നെക്കുറിച്ച് മാത്രമായിരുന്നു. കുറേ നോവുകള്‍ സമ്മാനിച്ച് എന്നിലേക്കൂര്‍ന്നിറങ്ങിയ നിന്നെ, ആദ്യമൊരമ്പരപ്പായും പതിയെ ഒരംഗീകരിക്കലായും കൂടെകൂട്ടി. സ്നേഹത്തോടെ നീയെന്നിലേക്കാഴ്ന്നിറങ്ങുമ്പോള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. ഹൃദയത്തില്‍ മറ്റാര്‍ക്കുമിനി സ്വാധീനം ചെലുത്താന്‍ കഴിയാത്തവിധം

നീയെന്നെ അടിമയാക്കിയിരിക്കുന്നു. നിന്‍റെ രതിമൂര്‍ച്ചയില്‍ പലപ്പോഴും ഞാന്‍ തളര്‍ന്നുറങ്ങിപ്പോകുന്നു.ശരീരത്തില്‍ നിന്‍റെ നോവുകള്‍ രോമാഞ്ചങ്ങള്‍തീര്‍ത്ത കുഞ്ഞിരോമങ്ങള്‍ ഇപ്പോള്‍ എന്നെവിട്ടകന്നിരിക്കുന്നു. നിന്‍റെ നഖക്ഷതങ്ങള്‍ എന്‍റെ ശരീരത്തില്‍ വടുക്കള്‍ സമ്മാനിച്ചിരിക്കുന്നു. നിന്‍റെ പ്രേമത്താല്‍ വിവശനായ എന്‍റെ ശരീരം കിടക്കയില്‍ നിന്ന് ആലസ്യംവിട്ടുണരുന്നില്ല.

എങ്കിലും, ഹേ, പ്രണയിനി നിന്നെ അറിയുന്നു ഞാന്‍. ഒരിക്കലും വിട്ടകലാത്ത എന്‍റെ ശിരോലിഖിതങ്ങളില്‍ ഒന്നുമാത്രമാണെന്ന്. നീ ചിരിക്കണ്ട, ഇപ്പോള്‍ നിന്നെയും  വിട്ടുപിരിയണം എന്നോര്‍ക്കുമ്പോള്‍, നെഞ്ചില്‍ പടര്‍ന്നു കയറുന്ന നിന്‍റെ സ്നേഹം എന്നെ നൊമ്പരപ്പെടുത്തുന്നു.

എങ്കിലും മരണത്തിലേക്ക് ഒരു കാല്‍ച്ചുവടിനിപ്പുറം ഹേ, പ്രണയമേ നിന്നോട് വിട.

Wednesday, 20 May 2015

അവസാനമൊഴി - മണികഥകള്‍ (10)

ആരാച്ചാര്‍ മുഖത്തണിയിച്ച കറുത്തതുണി തടവറയില്‍നിന്ന് തൂക്കുമരത്തിനടുത്തേക്കുള്ളദൂരം ഇരുട്ടില്‍ ലയിപ്പിച്ചു

കുടുക്ക്, അതിന്‍റെ വായ് എനിക്കൊരു കണ്ഠാഭരണമായി മാത്രമേ എനിക്കുകാണാനായുള്ളൂ. ചെയ്തത് ചില കണ്ണുകളില്‍ തെറ്റാണെങ്കിലും ഈ മരണം എനിക്കൊരു ആത്മസംതൃപ്തി തരും എന്നുള്ളതില്‍ തര്‍ക്കമില്ല.

ഞാനവരെ കൊന്നതെന്തിനാണെന്ന് ഇതുവരേയും ആരോടും പറഞ്ഞിരുന്നില്ല. മുന്‍വൈരാഗ്യം തോന്നാന്‍ എന്താണ് കാരണമെന്ന് പല പ്രാവശ്യം പ്രോസിക്യൂഷന്‍ ചോദിച്ചെങ്കിലും നിശ്ബ്ദനായി ഞാന്‍ തലയുയര്‍ത്തി നിന്നതേയുള്ളൂ. മരിക്കുന്നതിനുമുമ്പൊരു അവസാനമൊഴി.

ആ അവസാനമൊഴി ഇന്നവസാനിക്കും. ഞാനൊരു ദോഷവും ചെയ്യാത്ത അയാള്‍ എന്നെ തൂക്കിലേറ്റും. കൊല്ലുമ്പോള്‍ എനിക്ക് മരണവെറിയായിരുന്നു. ആരാച്ചാരുടെ മനസ്സിലും അതു കാണുമായിരിക്കും.

പലയിടത്തായി ഒളിച്ചിരുന്ന് പ്രാണനപഹരിക്കുമ്പോള്‍ ഞാന്‍കേട്ടത് ഒരു ശബ്ദംമാത്രം. പ്രണയത്തിന്‍റെ പൂമൊട്ടായി അവളെന്നെ എല്പിച്ചുപോയ ചോരക്കുഞ്ഞിന്‍റെ പാല്‍മണക്കാത്ത രോദനം. പതിനാലുവര്‍ഷം നെഞ്ചോടുചേര്‍ത്ത മകളുടെ അവസാനശ്വാസത്തിന്‍റെ തുടിപ്പ്.

അവളുടെ ശരീരത്തോടൊപ്പം വിറങ്ങലിച്ച മനസ്സ് കണ്ടെത്തുകയായിരുന്നു. ഒരു മരണവെറി. ഒരാളും കണ്ടുപിടിക്കപ്പെടില്ലെന്നുകരുതി വലിച്ചെറിഞ്ഞ കരങ്ങളുടെ ഒടുക്കത്തിനുവേണ്ടി മനസ്സില്‍ ആയുധങ്ങള്‍ കരുതിവയ്ക്കുകയായിരുന്നു.

ലഹരിയുടെ ദുരയില്‍ പിഞ്ചുബാല്യം വലിച്ചുകീറപ്പെടുന്ന കൈയ്യുകളെ മനസ്സുപതറാതെ കൊന്നുതീര്‍ക്കുമ്പോള്‍ ഞാനറിയുകയായിരുന്നു ചോരയുടെ മണം. ഒരോ ചോരത്തുള്ളിയിലും ഞാന്‍ മണത്തത് പൊക്കില്‍വിട്ടുപോകാത്ത കുഞ്ഞിന്‍റെ രോദനമായിരുന്നു.

ഈ മൊഴി ഇപ്പോള്‍ പറയാതെ പറഞ്ഞതാണ്. എന്‍റെ മനസാക്ഷിയോട്. കാരണം എനിക്കു സ്വന്തമായി ഇപ്പോഴവശേഷിക്കുന്നത് അവന്‍മാത്രം. ഒടുവിലിനി കുടുക്കെടുത്ത ശരീരം താഴെ അരാലും ഏറ്റടുക്കപ്പെടാതെ അനാഥമാകുമ്പോള്‍ ഒപ്പിടേണ്ടത് അവന്‍മാത്രമാണല്ലോ.... എന്‍റെ മനസാക്ഷി.

ഞങ്ങള്‍ ഇരട്ടകള്‍ - മണികഥകള്‍ (9)

അമ്മ എന്നോടൊപ്പം ഒരാളെക്കൂടി പ്രസവിച്ചു. നിമിഷ വ്യത്യാസംപോലുമില്ലാതെ ആറ്റു നോറ്റിരുന്നു പ്രസവിച്ച അവര്‍ എന്നെ മാത്രമേ കണ്ടുള്ളൂ, എന്നെ മാത്രമേ
വാരിപുണര്‍ന്നുള്ളൂ,

ഒരമ്മയ്ക്ക് എങ്ങനെ അതിനു കഴിയും,

ഞാന്‍ പലപ്രാവശ്യം ചിന്തിച്ചു നോക്കി... എനിക്ക് മനസ്സിലായില്ല.

കരയാന്‍ അവന് കണ്ണുകളില്ലായിരുന്നു. ചുണ്ടുപിളര്‍ത്തി വിതുമ്പാനുമാവില്ലായിരുന്നു.

അമ്മയുടെ മാറില്‍ നിന്ന് ചൂടുപാല്‍ ഞാന്‍ നുകര്‍ന്നു കുടിക്കുമ്പോള്‍ ഒച്ചവയ്ക്കാതെ എന്‍റെ ചൂടുപറ്റി അവനും കിടക്കുമായിരുന്നു.

അവന് ഇരുട്ടിനെ പേടിയായിരുന്നു. ഇരുട്ടത്ത് എവിടെയെങ്കിലും പോയൊളിക്കുക എന്നത് അവന്‍റെ ശീലമായി വളര്‍ന്നു.

എനിക്കു കൈ നിറയെ കളിപ്പാട്ടങ്ങളും പുത്തനുടുപ്പും ബന്ധുക്കള്‍ സ്നേഹസമ്മാനങ്ങളായി നല്‍കുമ്പോള്‍, അവനുള്ളതല്ലാ എന്നറിഞ്ഞിട്ടും അവനും കുഞ്ഞികൈകള്‍ നീട്ടുമായിരുന്നു.

ആദ്യമാദ്യം അവനോട് പരിഹാസം തോന്നിയെങ്കിലും പിന്നീട് അത് സഹതാപമായി എന്നില്‍ തഴച്ചു വളര്‍ന്നു.

അവന്‍, ബേബി ഫുഡിന്‍റേയോ, അമ്മിഞ്ഞപ്പാലിന്‍റേയോ, മാധുര്യം അറിഞ്ഞിട്ടില്ല, എന്തിനേറെ ഒരു മിഠായി തുണ്ടുപോലും അവ്ന്‍റെ കൈകളിലേക്ക് ആരു വച്ചുകൊടുത്തിട്ടുമില്ല.

എന്നെ പോലെ അല്ലായിരുന്നു അവന്‍,എന്തിനും ഏതിനും അവന്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഉണ്ണുപോഴും, ഉറങ്ങുമ്പോഴും, കളിക്കുമ്പഴും എല്ലാം, എന്നെ ഒട്ടിച്ചേര്‍ന്ന് എന്നോടൊപ്പം സഞ്ചരിക്കുക അവന്‍റെ വിനോദമായിരുന്നു. വലിച്ചടര്‍ത്തിയാല്‍പോലും എന്നെ വിട്ടകലില്ല, എന്ന മാതിരി.

പോകെ പോകെ അവന്‍റെ ഭാഷ എനിക്കുമനസിലായി, ഞങ്ങള്‍തമ്മില്‍ സല്ലപിച്ചു,

അവന്‍ ഏറെ കുസൃതിയാണ്, എന്നെ സന്തോഷിപ്പിക്കാനായി, ചിലപ്പോള്‍ അവനൊരു കുറുകിയ മനുഷ്യനാവും, ചിലപ്പോള്‍ അവനൊരു നെടുനീളനാകും, മറ്റു ചിലപ്പോള്‍ വളഞ്ഞുകുത്തി അപ്പൂപ്പനായി..

ഞാന്‍ വളര്‍ന്നു, ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയും നേടി. അവിടെയും എന്നോടൊപ്പം ആരെയും കൂസാക്കാതെ അവന്‍ കടന്നുവരും, ആരുമവനെ പിടിച്ചു നിര്‍ത്താറുമില്ല എന്നതാണ് സത്യം.

ഞാനോര്‍ക്കുന്നു... എന്‍റെ വിവാഹദിവസം എന്‍റെ അരികുപറ്റി അവനും ഇരുന്നത്. അതവന്‍റെ അവകാശം തന്നെ എന്ന് എനിക്കും തോന്നി., രാത്രിയില്‍ മുറിക്കുള്ളില്‍ അവനും കടന്നുകയറി. പാല്‍ഗ്ലാസുമായി അവള്‍ എത്തുമ്പോള്‍ അവനുണ്ടായിരുന്നു എന്‍റരുകില്‍ ഒരു മിന്നായംപോലെ. ലജ്ജാവതിയായി അവള്‍ ലൈറ്റണച്ചപ്പോള്‍ ആ ഇരുട്ടിനെ ഭയന്ന് അവന്‍ എങ്ങോ ഒളിച്ചു.

എനിക്കപ്പോള്‍ ചിരിയടക്കാനായില്ല. അവള്‍കരുതി അവളോടുള്ള ഇഷ്ടവും സന്തോഷവും കാരണം ഞാന്‍ ചിരിച്ചതാണെന്ന്.

പിറ്റേന്ന് പ്രഭാതത്തില്‍ അവള്‍ അവനെ കണ്ടിട്ടും കണ്ടതായി ഭാവിച്ചില്ല.

അവളെന്നല്ല, അരും ഇതുവരേയും അവന്‍ എന്‍റെ കൂടപ്പിറപ്പാണെന്ന് അംഗീകരിച്ചില്ല. എങ്കിലും ഞാനവനൊരു പേരിട്ടു നിഴല്‍, എന്‍റെ ചിത കത്തിത്തീരുംവരെ എന്നോടൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ ഞാനവനെ വിളിച്ചു,

എന്‍റെ കൂടെപ്പിറപ്പേ...

ഇടനാഴി- മണികഥകള്‍ (8)

അയാളെ ഞാനിഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ഒരു താലിച്ചരടിന്‍റെ ബലത്തില്‍ അയാളെനിക്കുസമ്മാനിച്ച ഓമനയുടെ കണ്ണിലെ ആര്‍ദ്രത കാണുമ്പോള്‍, വേര്‍പിരിയല്‍ മനസ്സില്‍ വേദന
സമ്മാനിക്കുന്നു. 

വീണ്ടുമൊരു തിരിച്ചുപോക്ക് രണ്ടതിരുകളുടെ വേര്‍തിരിയലായിത്തന്നെ അവസാനിപ്പിക്കേണ്ടിവരുന്നു.

ഒരു നിമിഷത്തെ പ്രണയം ഉടച്ചെറിയപ്പെട്ടപ്പോള്‍... ഒരു കാമശാന്തിയുടെ വിലാപങ്ങള്‍ക്കപ്പുറം എത്തപ്പെട്ടില്ല.

ചുണ്ടുകളില്‍ ചിരിനിറയ്ക്കുമ്പോള്‍ ഒരാഴിയോളം തേങ്ങല്‍ മനസ്സില്‍ സൂക്ഷിച്ചു. മിഴികളിലതിന്‍റെ നിഴല്‍ തങ്ങാതിരിക്കാന്‍ ഞാനിപ്പോഴും ശ്രദ്ധിക്കുന്നു.

അനാഥമാകാതെ അനാഥമാക്കപ്പെട്ട അമ്മയുടെ മുലപ്പാല്‍, കുഞ്ഞിലേക്ക് പിതൃത്വത്തിലേക്കുള്ള വിഷംചേര്‍ക്കലാകാതിരിക്കാന്‍... ജീവിതത്തിന്‍റെ ഇടനാഴിയില്‍ അവനെ മാറോടുചേര്‍ത്ത് അച്ഛനെചൂണ്ടി സ്നേഹത്തിന്‍റേയും അഭിമാനത്തിന്‍റേയും കഥകള്‍ പറയുന്നു. മനസ്സിന്‍റെ ഇടനാഴി ശൂന്യമാണെങ്കിലും.

തൊട്ടാവാടി - മണികഥകള്‍ (7)

വല്ലാത്ത നാണം. ഞാനൊന്ന് തൊട്ടതേയുള്ളൂ, കണ്ണടച്ച്, പതിയെ മുഖം കുനിച്ചിരിക്കുന്നു. ഈ തൊട്ടാവാടി മാത്രം എന്തേ ഇങ്ങനെ?

അവള്‍ക്കും എന്നും തൊട്ടാവാടിയെ ഇഷ്ടായിരുന്നു. ആടിന് നല്കാനായി അമ്മ തൊട്ടാവാടി മൂടോടെ പറിച്ചെടുക്കുമ്പോള്‍ മൊട്ടുകള്‍ നുള്ളിയെടുക്കുക അവളുടെ ശീലമായിരുന്നു. ചേമ്പിലകുമ്പിളില്‍ തുമ്പയും തെച്ചിക്കുമൊപ്പം പറിച്ചുകൂട്ടിയ തൊട്ടാവാടിമൊട്ടുകള്‍ അത്തക്കളത്തില്‍ വിടര്‍ന്നു നില്‍ക്കുന്നത് ഇന്നുമെന്‍റെ ഓര്‍മയില്‍.

പാവാട ഒതുക്കിവച്ച്, ഞാനുണ്ടാക്കിക്കൊടുത്ത അത്തതിട്ടയില്‍ ചാണകം വടിച്ചെടുക്കുമ്പോള്‍ അവളുടെ പുഞ്ചിരിക്കപ്പുറം പുഴുപ്പല്ലുകള്‍ എന്നെപരിഹസിക്കാറുണ്ട്.

പിന്നെപ്പോഴാണെന്നറിയില്ല അവളുടെ കുപ്പിവളകള്‍ ഊഞ്ഞാല്‍ത്തറയില്‍ ഉടഞ്ഞുവീണത്.

ഒരു നിമിഷം നില്‍ക്കാന്‍ സമയമില്ലാതെ കറങ്ങുന്ന ഘടികാര സൂചിപോലെ സമയപാതയില്‍ ഞാനും. തിരിച്ചെത്തുമ്പോഴേക്കും കൈയ്യെത്താ അകലത്തില്‍ അവള്‍ പോയിക്കഴിഞ്ഞിരുന്നു.. നിശബ്ദതയുടെ നിമിഷഗോപുരങ്ങള്‍ എനിക്കു സമ്മാനിച്ച ഓര്‍മകളില്‍ ....

ഒരു കളിക്കൂട്ടുകാരിയും കുറേ സ്വപ്നങ്ങളും നിറമങ്ങിയ കാഴ്ചകളായി വിണ്ടുകീറിയ പാടങ്ങളില്‍ ഒരു മഴത്തുള്ളിക്കായി കാത്തിരിക്കുന്നു.

ഇനിയൊരു മഴ അതെന്‍റെ മനസ്സിലേക്ക് ഒരരുവിയായി ഒഴുകിയെത്തുമോ?

അത്തക്കളത്തിലേക്ക് തുമ്പയും തെച്ചിയും തൊട്ടാവാടിയും തേടിയൊരുയാത്ര.

ഒതുക്കുകല്ലുകള്‍ ചവിട്ടി ഉമ്മറവാതിലില്‍ മകന്‍റെ കൈപിടിച്ചെത്തുമ്പോള്‍ അവള്‍ ചിരിക്കുന്നുണ്ടായിരുന്നു. മിന്നുന്ന പ്രകാശത്തില്‍ ചില്ലുകൂടിനകത്ത്, ഒരു തൊട്ടാവാടിപ്പൂവുപോലെ.

ഒരു കഥയും കേള്‍ക്കേണ്ടിവരാതെ.. - മണികഥ (6)


ആ യാത്രയില്‍ എനിക്കു നോവുണ്ടായിരുന്നില്ല പുഴയുടെ മുകള്‍പരപ്പില്‍ ചിറകറ്റൊരു തൂവല്‍പോലെ...
നനുത്ത വിരലുകളില്‍ സ്നേഹത്തിന്‍റെ കുളിര്‍മ്മ നല്‍കി പുഴ പറഞ്ഞുതന്നു ഒരു കഥ.

അതെന്‍റെ കഥയായിരുന്നു. വഞ്ചിക്കാരിയുടെ കഥ. വിയര്‍പ്പിന്‍റെ ഉപ്പുരസം കസ്തൂരിഗന്ധമാണെന്ന പഴമൊഴിയില്‍ഒരു രാജ്യവും പ്രജയും സ്വന്തമാക്കാമെന്ന് വ്യാമോഹിച്ച ദരിദ്രയുടെ കഥ.

ഒന്നു കുളിച്ചു കഴിയും വരെ മാത്രം മുല്ലപ്പുവിന്‍ കൃത്രിമമണം പേറി വഞ്ചിയിലാലസ്യമായ കഥ. മഴ പെയ്തു പോയിരുന്നു. ഋതുക്കള്‍ മറഞ്ഞുപോയി ഒരു സന്ധ്യപോലും വിരുന്നുവന്നില്ല. രാജ്യം ത്യജിച്ച് ചെങ്കോല്‍ നല്‍കാന്‍ ഒരാളുമെത്തിയില്ല. എവിടെയോ വായിച്ചു മറന്ന വരം മനസ്സിലോര്‍ത്ത് ഒന്നു കുളിച്ചുനോക്കി, കൈവിട്ടുപോയ കന്യകാത്വം തിരിച്ചുകിട്ടാന്‍. ഒന്നല്ല മൂന്നുവട്ടം മുങ്ങിക്കുളിച്ചു. പിന്നെ ആഴത്തിലേക്കു പോകാന്‍ തോന്നിയില്ല. നിശബ്ദയായ് നിര്‍വ്വികാരയായി... ആ തണുത്ത കൈകളില്‍... പുഴയുടെ ഓളങ്ങളില്‍...

അകലെ എന്‍റെ വഞ്ചി അനാഥനായി.. ഒരു അലയില്‍ .. പുഴ അവനേയും രസിപ്പിക്കുന്നപോലെ......
മനസ്സാഗ്രഹിച്ചിട്ടും ... നിശബ്ദമായ... എന്‍റെ അടിവയറിലേക്ക് ഒന്നു തലോടാനായില്ല... പ്രപഞ്ചത്തിലെ അസുലഭങ്ങളായ സുഷുപ്തികളറിയാന്‍പോലും മിനക്കെടാതെ അവനും ഉറങ്ങിയിട്ടുണ്ടാകും... ഒരു കഥയും കേള്‍ക്കേണ്ടിവരാതെ..